Thursday 3 January 2013

അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം



അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം
നന്നേ പുലര്‍ച്ചെതന്നെ വീട്ടില്‍നിന്നിറങ്ങേണ്ടിവന്നു, പുനലൂര്‍ KSRTC ബസ് സ്റ്റേഷനില്‍നിന്നും അച്ചന്‍കോവിലിലേക്കുള്ള ഒരേയൊരു ബസ്സിന്റെ ആദ്യ ട്രിപ്പ് പിടിക്കാന്‍. അതിരാവിലേതന്നെ ബസ് പാതിനിറഞ്ഞിട്ടുണ്ട്. കാലുപിടിച്ച് കൂടെക്കൂട്ടിയ കടമ്മനിട്ടക്കാരനൊപ്പം സീറ്റ് പിടിച്ചു. യാത്രാപ്രാന്തുളള പരിചയക്കാര്‍ ആരെങ്കിലുമുണ്ടോ എന്നു 'ബ്ലാഹി' നോക്കി-ആരുമില്ല!
കൃത്യം 6:10-നു തന്നെ സ്റ്റാര്‍ട്ട്- ഒരു കിലോമീറ്ററിനപ്പുറം 'അലിമുക്ക്' എന്ന മുക്കില്‍നിന്നും പിന്നീടങ്ങോട്ടുള്ള യാത്ര തുടങ്ങുമ്പോള്‍തന്നെ കാടിന്റെ വന്യത അനുഭവിച്ചറിയാനുണ്ട്. ടിക്കറ്റ് നിരക്ക് കണ്ടപ്പോള്‍ തോന്നി, ഇതൊരു മണിക്കൂര്‍ കൊണ്ടെത്താനുള്ളതേയുള്ളൂ എന്ന്. പക്ഷെ, യാത്ര തുടങ്ങിയപ്പോള്‍ മനസ്സിലായി, ഇത് രണ്ടു മണിക്കൂര്‍കൊണ്ടും തീരില്ലെന്ന്.
പുനലൂര്‍ പട്ടണത്തിന് 80 Kms. വടക്കുകിഴക്കായി സഹ്യപര്‍വ്വതനിരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്ന് കേട്ടറിവുണ്ട്. കാനനപാതയില്‍ക്കൂടി പ്രഭാതസൂര്യന്റെ കിരണങ്ങള്‍ കണ്ടുംകൊണ്ടും പോകെപ്പോകെ ഈ യാത്ര മൂന്നുമണിക്കൂര്‍കൊണ്ടും തീരല്ലേയെന്നു പ്രാര്‍ത്ഥിച്ചുപോയി. ശുദ്ധവനവായു നുകര്‍ന്ന് ഇരുവശങ്ങളിലെയും മലയും മഴയും മഞ്ഞും കണ്ട് പഴയ ഓര്‍ഡിനറി ബസ്സില്‍ വളവും തിരിവും കയറ്റിറക്കങ്ങളുമുള്ള ഇടുങ്ങിപ്പൊളിഞ്ഞ കുടുസ്സുറോഡില്‍കൂടി ആടിയുലഞ്ഞുള്ള ഒരു 'കാടന്‍'സവാരി!
ഇടയ്ക്കിടെ ആളുകള്‍ കയറിയിറങ്ങിയപ്പോള്‍ മനസ്സിലായി, ജനവാസമേഖലയില്‍കൂടിയാണ് യാത്ര. കോളനികളുടെയും അംഗന്‍വാടികളുടെയും ബോര്‍ഡുകള്‍ കാണാനുണ്ട്. ഏറുമാടങ്ങളും കാണാം. ക്ഷേത്രങ്ങളുള്ളതിന്റെ സൂചനകളും വഴിയരികില്‍ കണ്ടു. ഉള്ളിലേക്ക് കുറെയങ്ങുചെന്നപ്പോള്‍ വൃത്താകൃതിയില്‍ കല്ലുകള്‍ പാകിയടുക്കി ഉയര്‍ത്തിക്കെട്ടിയ ഒരു 'തറ'. മദ്ധ്യത്തില്‍ ഒരു ചെറുവൃക്ഷം. ചുറ്റും കരിയിലകള്‍ നീക്കി മനോഹരമാക്കിയിരിക്കുന്നു. വൃക്ഷച്ചുവട്ടില്‍ കരിങ്കല്‍വിളക്ക്. വൃക്ഷക്കയ്യില്‍ ചുവന്ന പട്ടുതുണി പാറിക്കളിക്കുന്നു. ഒരു വനദേവതാസങ്കല്പസൂചന. അവിടെയിറങ്ങി ഒരു ചിത്രമെടുക്കാമായിരുന്നുവെന്ന് തോന്നി. ഇനിവരുമ്പോള്‍ സ്വന്തം വാഹനത്തില്‍ വരണം. സ്വാതന്ത്ര്യമായി ഇഷ്ടമുള്ളിടത്ത് നിര്‍ത്തിയും കണ്ടും പോകാമല്ലോ- ഈ അഭിപ്രായം കടമ്മനിട്ടക്കാരനുമായി പങ്കുവച്ചപ്പോള്‍, ഇതുവഴി സ്വന്തം വാഹനത്തില്‍ വന്നാലുള്ള അപകടത്തെപ്പറ്റി പറഞ്ഞുപേടിപ്പിച്ചു. എന്തെങ്കിലും കേടുപറ്റിയാല്‍, ടയറൊന്നു പഞ്ചറായാല്‍ 'പെട്ടുപോകുമത്രെ'! ആവേശം എതുവഴിയൊക്കെയോ ചോര്‍ന്നുപോയി.
ഒരു ചെക്ക്പോസ്റ്റ് കടന്നുപോയി. ചിലര്‍ ഇറങ്ങി. ശേഷിക്കുന്നവരില്‍ ചിലര്‍ക്ക് ക്ഷേത്രദര്‍ശനം തന്നെയാണ് ലക്ഷ്യം. മറ്റുള്ളവര്‍ ജോലിക്കും മറ്റാവശ്യങ്ങള്‍ക്കും പോകുന്നവര്‍. ഇടയ്ക്കെപ്പോഴോ ഒരു വൃദ്ധന്‍ അരികെ വന്നിരുന്നു. ക്ഷേത്രത്തിലേക്കാണ്. അയ്യപ്പസ്വാമിയെ ദര്‍ശിച്ച് ഈ ബസ്സില്‍തന്നെ തിരികെപ്പോരണം. കൃഷിയാണ് തൊഴില്‍.(ഈ പ്രായത്തിലും!) വനത്തിന്റെ ഭൂമിശാസ്ത്രവും അച്ചന്‍കോവിലില്‍ നിന്നും ചെങ്കോട്ടയ്ക്കുള്ള യാത്രാമാര്‍ഗ്ഗവും ആര്യങ്കാവ് ക്ഷേത്രത്തെക്കുറിച്ചുമൊക്കെ അദ്ദേഹം സൂചനകള്‍ തന്നു. (വനംവകുപ്പിനെ കുറെ കുറ്റവും പറഞ്ഞു)
രണ്ടുമണിക്കൂറിലധികമെടുത്തു, അച്ചന്‍കോവിലിലെത്താന്‍. ക്ഷേത്രപരിസരത്തു തന്നെയാണ് ബസ് സ്റ്റേ.
ക്ഷേത്രത്തിനു മുന്നിലെ കാണിക്കവഞ്ചീമണ്ഡപത്തില്‍ 'പൂര്‍ണ്ണപുഷ്കലസമേത ശ്രീധര്‍മ്മശാസ്താ കാണിക്കമണ്ഡപം' എന്ന് ആലേഖനം ചെയ്തിരിക്കുന്നു. പിന്നില്‍ അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം. ദൂരെ, അച്ചന്‍കോവില്‍മല- ക്ഷേത്രത്തിന്റെ പേരില്‍നിന്നാണത്രെ മലയ്ക്ക് ആ പേരു വന്നത്. കേരളസംരക്ഷണാര്‍ത്ഥം പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ടതാണീ ക്ഷേത്രമെന്നു വിശ്വസിക്കുന്നു.
പുറമെ കണ്ടപ്പോള്‍ത്തന്നെ തോന്നി, ക്ഷേത്രനിര്‍മ്മിതിക്കും ശില്പവേലകള്‍ക്കും തമിഴ് ശില്പകലാശൈലിയോടാണ് സാമ്യം. പൊന്നുപതിനെട്ടാംപടിയെ സ്മരിക്കാനെന്നോണമാവാം, കയറാന്‍ 18പടവുകള്‍. മരവാതില്‍ കടന്നാല്‍ സ്വര്‍ണ്ണക്കൊടിമരം. പിന്നില്‍ പൂര്‍ണമായും തമിഴ്നാട്ടിലെ ക്ഷേത്രങ്ങളെ ഓര്‍മ്മിപ്പിച്ച് നാലമ്പലവും ഉള്ളില്‍ ശ്രീകോവിലില്‍ ശാസ്താപ്രതിഷ്ഠയും. ഗോപുരശില്പങ്ങള്‍ തമിഴ്നാടന്‍ തന്നെ.
ധര്‍മ്മശാസ്താവ് പൂര്‍ണ, പുഷ്കല എന്നീ തോഴിമാരോടൊപ്പം ഗൃഹസ്ഥാശ്രമിയായി ഇവിടെ വാഴുന്നുവെന്നു സങ്കല്പം. (അച്ചന്‍കോവിലില്‍ ഗൃഹസ്ഥാശ്രമിയായും ആര്യങ്കാവില്‍ തൃക്കല്യാണ സങ്കല്പത്തിലും കുളത്തൂപ്പുഴയില്‍ ബാലകനായും കാന്തമലയില്‍ വാനപ്രസ്ഥാശ്രമിയായും ശബരിമലയില്‍ ധ്യാനാവസ്ഥയിലും ശ്രീധര്‍മ്മശാസ്താവ് മരുവുന്നതായി വിശ്വാസം. സന്നിധാനത്തിലേക്കു പോകുമ്പോള്‍ ഈ അഞ്ചു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നത് പരമപുണ്യമായി കരുതുന്നു.)
നാലടിയോളം ഉയരമുള്ള സാമാന്യം വലിയ വിഗ്രഹമാണ്. സമീപത്തായി പൂര്‍ണ, പുഷ്കല എന്നിവരെ ശ്രദ്ധിച്ചാല്‍, കാണാം. ക്ഷേത്രത്തിലെ തീര്‍ത്ഥം സേവിച്ച് പ്രസാദം തൊട്ടാല്‍ ഏതു കൊടിയവിഷവും ഇറങ്ങുമത്രെ. ശാസ്താവിന്റെ കയ്യില്‍വച്ചിരിക്കുന്ന ചന്ദനം സര്‍പ്പവിഷബാധയേറ്റവര്‍ക്കു കൊടുത്താല്‍ വിഷംശമിക്കുമെന്ന വിശ്വാസമുള്ളതിനാല്‍ വിഷബാധയേറ്റവര്‍ വരുന്ന ഏതുസമയത്തും നടതുറക്കണമെന്നാണു ചിട്ട. പണ്ടിവിടെ വിഷചികിത്സ നടത്തിയിരുന്നത്രെ. ദക്ഷിണഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പുഷ്പങ്ങള്‍ പൂജയ്ക്കുപയോഗിക്കുന്നത് ഇവിടെയാണെന്നു കേട്ടിരിക്കുന്നു.
ക്ഷേത്രത്തിന്റെ തെക്കുഭാഗത്തോടുചേര്‍ന്ന്, ഭൂമിയില്‍ നിന്നും തനിയെ ഉയര്‍ന്നു വന്നതെന്നു പറയപ്പെടുന്ന ഒരു നാഗരൂപശിലയുണ്ട്. പിന്നിലെ ഗോപുരവാതിലിന്നപ്പുറം അമ്മന്‍കാവ്. അവിടെയാണ് നാഗത്തറ- നാഗരാജാവും യക്ഷിയും. പല തട്ടുകളായിക്കിടക്കുന്ന ഭൂമിക. നാഗത്തറയ്ക്കു ചുറ്റുമുള്ള ഇരുമ്പുവേലിക്കമ്പികളില്‍ കരിവളകള്‍ ധാരാളമായി കൊരുത്തിട്ടിരിക്കുന്നു; വഴിപാടാവാം. മരക്കൊമ്പുകളില്‍ മരത്തൊട്ടിലുകള്‍ കെട്ടിയിട്ടുണ്ട്; കുഞ്ഞിക്കൊലുസൊച്ചകള്‍ക്കു കാതോര്‍ത്ത് പ്രാര്‍ത്ഥിച്ചു നേര്‍ന്നതാവാം. നാഗത്തറയ്ക്കുചുറ്റും ടൈലുകള്‍ പാകിയിരിക്കുന്നു. പൗരാണികതയുടെ മൃദുരവങ്ങള്‍ക്കിടെ ആധുനികതയുടെ കല്ലുകടിശബ്ദം.
ശാസ്താവിന്റെ പരിവാരങ്ങളായ കറുപ്പുസ്വാമി, കറുപ്പായിഅമ്മ, ഉപദേവതകളായി ഭഗവതി, ഗണപതി, സുബ്രഹ്മണ്യന്‍, മലദൈവങ്ങളുമുണ്ട്. കറുപ്പുസ്വാമിക്കും മലദൈവങ്ങള്‍ക്കും മദ്യവും മാംസവും നേദിക്കുന്ന അബ്രാഹ്മണപൂജ പണ്ട് നിലനിന്നിരുന്നുവെന്ന് പറയുന്നു. മണ്ഡലകാലത്ത് ഉത്സവത്തിന്റെ ഒന്‍പതാം ദിവസത്തെ തേരോട്ടവും കറുപ്പന്‍തുള്ളലുമാണ് പ്രധാനചടങ്ങുകള്‍. രഥവീഥിയിലൂടെ വലിയ തേരുകള്‍ ചൂരല്‍കെട്ടി വലിച്ചുകൊണ്ടുപോകുമത്രെ.
പന്തളം രാജവംശവുമായി ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. രാജാക്കന്മാര്‍ ഇവിടെ ദര്‍ശനത്തിനെത്തിയാല്‍ കൊടിമരം മറഞ്ഞുനിന്ന് തൊഴണമെന്നു വിശ്വാസം. രാജാവിനെക്കണ്ടാല്‍ അയ്യപ്പന്‍ ബഹുമാനാര്‍ത്ഥം എഴുന്നേല്‍ക്കേണ്ടിവരുമെന്നതുകൊണ്ട് പുത്രനെ-അയ്യപ്പനെ ബുദ്ധിമുട്ടിക്കാതെ കണ്ടുപോകണമെന്നതാണ് ചിട്ട. ക്ഷേത്രഭരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും തന്ത്രിസ്ഥാനം താഴമണ്‍ മനയ്ക്കും.
ഐതിഹ്യമാലയില്‍ ക്ഷേത്രത്തെപ്പറ്റി ദീര്‍ഘവിവരണമുണ്ട്. ആറന്മുളക്ഷേത്രത്തിലെ വിഗ്രഹനിര്‍മ്മാണത്തിന് അച്ചന്‍കോവില്‍മലയില്‍നിന്നും തടി കൊണ്ടുവന്നതിനെക്കുറിച്ചും മറ്റും പറയുന്നുണ്ട്.
പുറത്തിറങ്ങിയപ്പോഴേക്കും ബസ്സ് പൊയ്ക്കഴിഞ്ഞിരുന്നു. അടുത്ത ട്രിപ്പിനായി സമയം കുറെയുണ്ട്. അടുത്തുകണ്ട ചായക്കടയില്‍നിന്നും പ്രഭാതഭക്ഷണം- ഇഡ്ഡലി, സാമ്പാര്‍, ചായ... കൊല്ലം ജില്ലയിലാണെങ്കിലും എല്ലാമൊരു തമിഴ് സ്റ്റൈല്‍. (ബില്‍ കേരളാസ്റ്റൈല്‍!!!)
നേരംപോക്കാനായി, കാണാന്‍ മറ്റു സ്ഥലങ്ങള്‍ വല്ലതും അടുത്തുണ്ടോയെന്ന അന്വേഷണത്തിലാണ്, 7 Kms-നപ്പുറം 'കംഭാവുരുട്ടി-മണലാര്‍' വെള്ളച്ചാട്ടമുണ്ടെന്നറിഞ്ഞത്. ചെങ്കോട്ടയ്ക്കുള്ള അടുത്ത ബസ്സില്‍ കയറി, വെള്ളച്ചാട്ടം കാണാന്‍...!
ബസ്സിന്റെ സമയക്രമം:
06:10 AM- പുനലൂര്‍ 08:20 AM- അച്ചന്‍കോവില്‍
08:40 AM- അച്ചന്‍കോവില്‍ 10:40 AM- പുനലൂര്‍
11:30 AM- പുനലൂര്‍ 01:30 PM- അച്ചന്‍കോവില്‍
01:45 AM- അച്ചന്‍കോവില്‍ 04:00 PM- പുനലൂര്‍
04:30 PM- പുനലൂര്‍ 06:30 PM- അച്ചന്‍കോവില്‍
06:45 PM- അച്ചന്‍കോവില്‍ 08:45 PM- പുനലൂര്‍
സമയക്രമത്തിനു മാറ്റമുണ്ടോ എന്നറിയാന്‍, പുനലൂര്‍ KSRTC ബസ് ഡിപ്പോ: 04752 222626
(മാന്യമായ സംസാരം പ്രതീക്ഷിക്കാം)

No comments:

Post a Comment