Thursday 3 January 2013

പ്രമാടത്തുപാറ

പ്രമാടത്തുപാറ
ചരല്‍ക്കുന്നും അരുവിക്കുഴി വെള്ളച്ചാട്ടവും കണ്ട് കോഴഞ്ചേരി ടൗണിലേക്ക് മറ്റൊരുവഴിയെ തിരികെയുള്ള യാത്രയ്ക്കിടയില്‍ ഇടതുവശത്തായി പമ്പാമണല്‍പരപ്പിന്റെ ഭംഗി! ഒരു കടവിനടുത്ത് വണ്ടിനിര്‍ത്തിയിറങ്ങി. മെലിഞ്ഞൊഴുകുന്ന പമ്പ.
തിരികെ വാഹനത്തിനടുത്തേക്കു നടന്നപ്പോഴാണ് മുന്നിലെ ഭീമന്‍പാറയുടെ മുകളിലേക്കുള്ള ഇരുമ്പ് കൈവരികള്‍ ശ്രദ്ധിച്ചത്. തദ്ദേശവാസികളായ പയ്യന്‍മാര്‍, മുകളില്‍നിന്നുള്ള ദൂരക്കാഴ്ചകളുടെ ഭംഗിയെപ്പറ്റി പറഞ്ഞു. സമീപത്തെ ക്ഷേത്രത്തെപ്പറ്റിയും ശ്രീരാമപാദപ്രതിഷ്ഠയെപ്പറ്റിയും പറഞ്ഞു. കൊള്ളാമെന്നുതോന്നി. കടമ്മനിട്ടക്കാരന്‍പോലും ആദ്യം കേള്‍ക്കുകയാണ്. കയറ്റംകയറി മുകളിലെത്തി. അവിടെയും സകലരാഷ്ട്രീയപാര്‍ട്ടികളുടെയും കൊടിമരങ്ങള്‍. പാറയുടെ ഉയരത്തേക്കുള്ള വശങ്ങളിലും വീടുകളുണ്ട്. മുകളില്‍ ജലസംഭരണിയും ശുദ്ധജലപൈപ്പും.അതിന്റെ നാനവശങ്ങളിലേക്കും നീളുന്ന ഹോസുകള്‍. പാറയുടെ പരിസരത്തുള്ള വീടുകളിലേക്കാണ് ഓരോ ഹോസും അവസാനിക്കുന്നത്. രണ്ടുവട്ടം ചിന്തിച്ചപ്പോഴാണ് അതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. ഓരോ വീട്ടുകാര്‍ക്കും ആവശ്യമുള്ളപ്പോള്‍ വന്ന്, ടാപ്പില്‍ അവരവരുടെ ഹോസ് ഫിറ്റുചെയ്ത് ആവശ്യത്തിനു വെള്ളമെടുക്കും.
പാറയുടെ ഒത്ത മുകളില്‍ ഒരു ചെറിയ ശിലാസ്തൂപത്തിനു മുന്നില്‍ വിളക്കുവയ്ക്കുന്ന തറ- കരിപിടിച്ച ദൈവം. മുകളില്‍ നിന്നുകൊണ്ട് പമ്പാനദിയുടെ മെലിഞ്ഞ 'ജലസമ്പത്തും' കൊഴുത്ത മണല്‍പരപ്പും കണ്ട് പാറയിറങ്ങി.
കുറച്ചകലെ, ഒരു കാണിക്കമണ്ഡപം- ക്ഷേത്രമാണ്. മുറ്റത്ത് ഭാവി സച്ചിന്‍മയന്‍മാരുടെയും യുവരാജാക്കന്‍മാരുടെയും കളിമേളം! ക്ഷേത്രത്തിനടുത്തേക്കു നടന്നു. പാറയുടെ താഴ്വാരത്ത് പാറതുരന്ന് ഉള്ളിലേക്ക് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുകയാണ്. പാലമരത്തണലില്‍, പുറത്തേക്ക് രണ്ടു കല്‍ത്തൂണുകളില്‍ ഒരിറക്കുണ്ട്. അതില്‍ നന്ദികേശന്റെ കാവല്‍. ശിവക്ഷേത്രമാണ്. പാറ തുരന്നുള്ള നിര്‍മ്മിതിയാണെങ്കിലും വാതില്‍ നിര്‍മ്മിച്ചിട്ടുള്ളത് അടച്ചിരിക്കയാല്‍ പ്രതിഷ്ഠ കാണാന്‍കഴിഞ്ഞില്ല. ശിവലിംഗമാവാനാണു സാദ്ധ്യത. ഗുഹാക്ഷേത്രം തന്നെ. ക്ഷേത്രത്തിന്റെ ഇരുവശത്തും പാറയില്‍ വിവിധരൂപങ്ങള്‍ കൊത്തിയിട്ടുണ്ട്. മിക്കവയും പെയിന്റ് പൂശിയിരിക്കുന്നു. ചുവന്ന പട്ടുടുപ്പിച്ചിരിക്കുന്ന ഹനുമാനാണ് വലിപ്പംകൊണ്ടു ശ്രദ്ധേയം. മറ്റൊരു ബാലഹനുമാന്‍, മുരുകന്‍, ശ്രീരാമന്‍, ചില സന്യാസിരൂപങ്ങള്‍- പിന്നെ കുറെ ശിവലിംഗരൂപങ്ങളും. വലതുവശത്തായിപാറയുടെ മുകളിലേക്ക് കുറെ പടികള്‍ കൊത്തിവച്ചിരിക്കുന്നു. ഒരു പാദംവയ്ക്കാനുള്ള വിസ്തൃതിയേയുള്ളൂ പടികള്‍ക്ക്. മുകളില്‍ ഒരു തട്ട് പോലെ കാണാം- ലക്ഷ്യസ്ഥാനം! പടികള്‍കയറി മുകളിലേക്ക്. പടികള്‍ എന്നുപറയുന്നതിനെക്കാള്‍ 'കൊത്തുപാടുകള്‍' എന്നു പറയുന്നതാവും ഉചിതം. തെങ്ങില്‍ കയറുന്നതുപോലെ ആയാസകരം. കുത്തനെയുള്ള കയറ്റം. ഏതാണ്ട് 18 പടികള്‍ ഉയരം. അവിടെ രണ്ടു കുഞ്ഞുപാദരൂപങ്ങള്‍- ഇതാണോ ശ്രീരാമപാദമെന്നു പറയുന്നത്?
തിരികെയിറങ്ങാന്‍ ഇരട്ടികഷ്ടം. അള്ളിപ്പിടിച്ചും നിരങ്ങിയും ഒരുവിധം താഴെയെത്തി. മുന്‍പേ കയറിയിറങ്ങിയ കടമ്മനിട്ടക്കാരന്റെ നിഗമനത്തില്‍, സന്യാസിയുടെ പാദങ്ങളാവാനാണത്രെ സാദ്ധ്യത. നദീതീരത്ത് ധ്യാനിച്ചാരാധിച്ചുവസിച്ചിരുന്ന സന്യാസിയാവണം ക്ഷേത്രനിര്‍മ്മിതിക്കുപിന്നില്‍. ആ സന്യാസിയുടെ രൂപമാവണം പാറയില്‍ കൊത്തിവച്ചിരിക്കുന്നതില്‍ ഒന്ന്.
കവിയൂരിലെയും കല്ലില്‍ ഭഗവതിക്ഷേത്രത്തിന്റെയും ജൈനമതത്തിന്റെ പിന്നാമ്പുറം ചികഞ്ഞിട്ടുകൊടുത്തപ്പോള്‍ കടമ്മനിട്ടക്കാരനു വിയോജിപ്പ്. ഓരോരുത്തര്‍ക്കും അവരുടേതായ അനുമാനങ്ങള്‍. നിഗമനങ്ങളെന്തായാലും ശിലാരൂപങ്ങളുടെ പ്രത്യേകതകള്‍ പഠനവിധേയമാക്കാവുന്നതാണ്. സന്യാസിയുടെ രൂപത്തില്‍ ഡീറ്റെയിലിംഗ് ശ്രദ്ധേയം. താടിരോമങ്ങള്‍പോലും ശിലയില്‍ നന്നായി കൊത്തിയൊരുക്കിയിരിക്കുന്നു. ഹനുമാന്‍ ബാലദശയിലാണ്. ദ്വാദശശിവസങ്കല്പത്തിലാണോ ധാരാളം ശിവലിംഗരൂപങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്? ചരിത്രാന്വേഷികളുടെ കണ്‍വെട്ടത്തുനിന്നു മറഞ്ഞുകിടക്കുന്ന സ്ഥലംതന്നെയാണിത്. ഉപപ്രതിഷ്ഠയായി ഗണപതിയുണ്ട്. വലതുഭാഗത്ത്, പാറയുടെ ഒരു ചുഴിപോലെയുള്ള ഭാഗത്ത് 'ഗുഹാമുഖം' എന്ന് പെയിന്റെഴുത്ത്. കാടുപിടിച്ചു കിടക്കുന്നതിനാല്‍ അവിടേക്കെത്തുക പ്രയാസം. ചിലരോട് അന്വേഷിച്ചതില്‍, ഗുഹ ഉള്ളിലേക്കുണ്ടെന്നും ആള്‍ക്ക് കടന്നിറങ്ങാന്‍ പ്രയാസമെന്നും അറിവുകിട്ടി. ഏതായാലും ചരിത്രകുതുകികള്‍ക്കും സഞ്ചാരപ്രിയര്‍ക്കും അധികം വെളിപ്പെടാതെ ലജ്ജാവതിയായി തിരശ്ശീലയ്ക്കുപിന്നില്‍ മറഞ്ഞുനില്‍ക്കുകയാണീ ക്ഷേത്രവും ചുറ്റുപാടുകളും. കൂടുതല്‍ ജനശ്രദ്ധ നേടേണ്ടതുതന്നെ.
കോഴഞ്ചേരി പാലം കഴിഞ്ഞ് വലതുതിരിഞ്ഞ് 2 കി.മീ. പോയാല്‍ നെടുമ്പ്രയാര്‍ എന്നസ്ഥലത്താണ് പ്രമാടത്തുപാറ സ്ഥിതിചെയ്യുന്നത്. തോട്ടപ്പുഴശ്ശേരി വില്ലേജ്.

        

No comments:

Post a Comment