Friday 29 March 2013

സീ കുട്ടനാട്


'സീ' കുട്ടനാട്
      കടല്‍ത്തിരയും കായലോളവും ഒരുപോലെ ലാളിച്ചോമനിക്കുന്ന ജില്ലയാണ് ആലപ്പുഴ. എന്നും കനിവും നനവുമൂറുന്ന മണ്ണ്. പാടത്ത് പൊന്നുവിളയിക്കുന്ന കര്‍ഷകന്റെ നാട്. സമുദ്രനിരപ്പില്‍ നിന്നും പത്തടിത്താഴ്ചയില്‍ കുട്ടനാടെന്ന സവിശേഷഭൂപ്രകൃതികൊണ്ട് അനുഗൃഹീതമായ മേട്. സഞ്ചാരികളുടെ സ്വപ്നഭൂമി. കാഴ്ചകളുടെ പറുദീസ! കറുപ്പും പച്ചയും ഇടകലര്‍ന്ന മണ്ണിനിടയിലൂടെ പുളഞ്ഞുനീളുന്ന ഇടത്തോടുകള്‍. നെല്‍പ്പാടങ്ങളുടെ പച്ചപ്പുതപ്പും കാറ്റത്ത് അതിനുമേലെയിളകുന്ന തിരകളും- ഇത്തരം പുതുക്കാഴ്ചകള്‍ക്കൊപ്പം ജലക്കാഴ്ചകളിലൊന്നു മുങ്ങിനിവരാനും കുളിച്ചുമദിച്ചുകയറാനും സഞ്ചാരികളുടെ പ്രവാഹം. വിനോദസഞ്ചാരമേഖലയില്‍ ജില്ലയുടെ വളര്‍ച്ചയ്ക്ക് അതിവേഗം. കായല്‍ടൂറിസത്തില്‍ ആലപ്പുഴയെ ലോകത്തിന്റെ നിറുകയിലെത്തിച്ചതില്‍ പ്രധാനപങ്കുവഹിച്ചത് ഹൗസ്ബോട്ടുകളാണ്. ആലപ്പുഴയുടെ മാത്രം ഹൗസ്ബോട്ടുകള്‍! ആനയെ കാണുന്നതുപോലെ, എങ്ങനെ നോക്കിയാലും എവിടുന്നു നോക്കിയാലും വല്ലാത്തൊരു ചന്തമാണ്. എത്രകണ്ടാലും എത്രവര്‍ണ്ണിച്ചാലും മതിവരാത്തൊരു സാധനം. സഞ്ചാരികള്‍ക്കത് ത്രില്ലായി. സഞ്ചാരികളുടെ വരവില്‍ വര്‍ഷംതോറും 30 മുതല്‍ 40 ശതമാനംവരെ വര്‍ധനവാണ് കാണിക്കുന്നത്. എഴുനൂറിലധികം ഹൗസ്ബോട്ടുകളാണ് പലരൂപത്തിലും ഭാവത്തിലും കിഴക്കന്‍വെനീസിന്റെ കായല്‍പരപ്പില്‍ രാജകീയമായി ഒഴുകിനീങ്ങുന്നത്. ഹൗസ്ബോട്ടുകളുടെ എണ്ണത്തിലും വര്‍ഷംതോറും വര്‍ദ്ധനവുണ്ട്. വെനീസില്‍ റോഡുകളെക്കാള്‍ പാലങ്ങളും തോടുകളുമാണുള്ളത്. ഗതാഗതത്തിനും അവിടെയധികവും ജലയാനങ്ങളെയാണ് ആശ്രയിക്കാറ്. സമുദ്രനിരപ്പിനെക്കാള്‍ 149 സെ.മീ. താഴെയും. അങ്ങനെയാണല്ലോ, ആലപ്പുഴയ്ക്ക് കിഴക്കിന്റെ വെനീസെന്ന പേരുവീണത്. (ഇറ്റലിയുടെ വടക്കന്‍ഭാഗത്തുള്ള വെനീസ്, 177 തോടുകളാല്‍-Canals-വേര്‍തിരിക്കപ്പെട്ട 118 ചെറുദ്വീപുകള്‍ ചേര്‍ന്നുണ്ടായ, 414.6 .കി.മീ. വിസ്തൃതിയുള്ള നഗരമാണ്. ദ്വീപുകളെ പരസ്പരം ബന്ധിപ്പിക്കുന്നത്, 409-ഓളം പാലങ്ങള്‍ കൊണ്ടാണ്. യാത്രയ്ക്കു് തോണി മാത്രം- റോഡില്ല, കാറില്ല, റെയില്‍വേയില്ല! )

കായല്‍ടൂറിസത്തോടൊപ്പം കുട്ടനാട്ടില്‍ കൃഷിയും മറ്റും വികസിപ്പിച്ച് ടൂറിസവും വേരുപിടിച്ചുകഴിഞ്ഞു. വള്ളിച്ചെരുപ്പിട്ട് ചെളിവരമ്പിലൂടെ ചള്ളതെറിപ്പിച്ച് നടന്നുകുഴയാനും ഇടത്തോടുകളിലൂടെ കൊതുമ്പുവള്ളങ്ങളില്‍ തുഴഞ്ഞുനീങ്ങാനും വിദേശികളേറുന്നു- വില്ലേജ്ടൂറിസം! കിഴക്ക് കായലും പടിഞ്ഞാറ് കടലുമായി ഒരു മാസ്മരഭൂതലം. കടല്‍-കായല്‍-കൃഷി-മീന്‍പിടുത്തം-ചെറുവള്ളം-പുരവള്ളം-കളിവള്ളം-വള്ളംകളി-കായല്‍മാടം-കള്ള്-കൊഞ്ച്-കരിമീന്‍-ചരിത്രസ്മാരകങ്ങള്‍... ആലപ്പുഴ എല്ലാംകൊണ്ടും ഹിറ്റാകുന്നു. കായലോളങ്ങള്‍പോലെ, നിലയ്ക്കാത്ത സഞ്ചാരികള്‍. ഒരുദിനം, നീന്തലറിയാത്ത മൂന്നുപേര്‍ രണ്ടുംകല്പിച്ച് ജീവിതത്തിലാദ്യമായി ബോട്ടുയാത്രയ്ക്ക തയ്യാറായി, ആലപ്പുഴ ബോട്ടുജെട്ടിയിലെത്തി.


വിദേശികളും സ്വദേശികളുമായ യാത്രാപ്രിയര്‍ക്ക് കുട്ടനാടിന്റെ മനോഹാരിത കണ്ടാസ്വദിക്കാന്‍ അവസരമൊരുക്കിക്കൊണ്ട് ജലഗതാഗതവകുപ്പ് 'സീ കുട്ടനാട്' എന്നപേരില്‍ പാസഞ്ചര്‍-കം-ടൂറിസ്റ്റ് ബോട്ട്സര്‍വീസ് ആരംഭിച്ച് ഏതാണ്ടൊരുമാസം പിന്നിട്ടശേഷമുള്ളൊരു പ്രഭാതത്തിലായിരുന്നു, അത്. സാധാരണബോട്ടുകളില്‍നിന്നു വ്യത്യസ്തമായി പലവര്‍ണ്ണങ്ങളാല്‍ മനോഹരമാക്കിയ ബോട്ടിന് രണ്ടുനിലകളാണുള്ളത്.
മുകള്‍നിലയാണ് വിനോദസഞ്ചാരികള്‍ക്ക്. താഴെ, യാത്രക്കാര്‍ക്ക്. നിരക്കും വ്യത്യസ്തം- മുകളില്‍ ₹.25/-, താഴെ ₹.10/-. മുകളിലെ സീറ്റുകള്‍ നിറഞ്ഞതുകൊണ്ട് താഴേക്കുമാറി. മുകള്‍ത്തട്ടില്‍ സുരക്ഷയ്ക്കായി വശങ്ങളില്‍ കമ്പിവേലി പിടിപ്പിച്ചത് കാഴ്ചയെ തടയുമെന്നുതോന്നി. താഴെയാണ് കുറെക്കൂടി വിശാലവും ദൃഷ്ടിസമാന്തരവുമായ കാഴ്ച കിട്ടുകയെന്നു പിന്നീട് മനസ്സിലായി.

10:45-നാണ് ആദ്യസര്‍വ്വീസ് ആരംഭം. മിക്കവാറും സീറ്റുകള്‍ നിറഞ്ഞുകഴിഞ്ഞിരുന്നു. ആലപ്പുഴ ജെട്ടിയില്‍നിന്നും യാത്രയാരംഭിച്ച് കൈനകരി ജെട്ടിവരെയും അവിടെനിന്നു തിരികെയുമാണ് സര്‍വ്വീസ്. പോകുന്നതും വരുന്നതും വ്യത്യസ്തസ്ഥലങ്ങളിലൂടെയായതിനാല്‍ കുട്ടനാടിന്റെ മനോഹരകാഴ്ചയാണ് 'സീ കുട്ടനാട്' സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നത്. ഡ്രൈവര്‍ക്കുപിന്നിലെ മറവില്‍ യാത്രാസുരക്ഷയെപ്പറ്റി ബോധവല്‍ക്കരണപോസ്റ്റര്‍.

യാത്ര തുടങ്ങുമ്പോള്‍ത്തന്നെ വിശേഷപ്പെട്ട കാഴ്ചകള്‍ തുടങ്ങുന്നു. വിവിധ വലിപ്പത്തിലും ആകൃതിയിലുമുള്ള ജലയാനങ്ങള്‍ അരികില്‍ പാര്‍ക്കുചെയ്തിരിക്കുന്നു. ചിലത് ഒഴുകിനടക്കുന്നു. കൈത്തോടുവിട്ട് കായലിന്റെ വിശാലതയിലേക്ക് കയറുമ്പോള്‍ത്തന്നെ ഹൗസ്ബോട്ടുകളുടെ സമൃദ്ധമായ കാഴ്ചയാണു നമ്മെക്കാത്തിരിക്കുന്നത്.
അറ്റകുറ്റപ്പണികള്‍ക്കാവാം, ചിലത് കരയില്‍ക്കയറ്റിവച്ചിരിക്കുന്നു.
ജെട്ടികളില്‍ യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്.

തോടിനുവശങ്ങളില്‍ വീടുകളും കടകളും ധാരാളം. ദേവാലയങ്ങളും കളിസ്ഥലങ്ങളും വാണിജ്യസ്ഥാപനങ്ങളും ജലസംഭരണികളും വിദ്യാലയങ്ങളും ബാങ്കുകളുമുണ്ട്

സ്ത്രീകള്‍ തോട്ടുവക്കില്‍ അലക്കുന്നു, കുളിക്കുന്നു, മീന്‍പിടിക്കുന്നു, കഴുകുന്നു. ചെറുപ്പക്കാര്‍ സൊറപറഞ്ഞിരിക്കുന്നു
 
മുതിര്‍ന്നവര്‍ ചീട്ടുകളിക്കുന്നു, കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നു. കൈവഴികളിലൂടെ കൊച്ചുകുട്ടികള്‍പോലും ചെറുവള്ളങ്ങളില്‍ തുഴഞ്ഞുനടക്കുന്നു.
സ്പീഡ്ബോട്ടുകളടക്കം തലങ്ങും വിലങ്ങും ജലയാനങ്ങള്‍ ഒഴുകിപ്പായുന്നു. തിരക്കുള്ള നാഷണല്‍ഹൈവേ പോലെയാണു തോന്നുക. നമ്മുടെ നാട്ടിലൊക്കെ ഓരോവീട്ടിലും ബൈക്കും കാറും പോലെയാണിവിടെ, ഓരോവീട്ടിലുമുണ്ട്, ഒന്നുംരണ്ടും വള്ളങ്ങള്‍.

കുട്ടികളും സ്ത്രീകളുമടക്കമുള്ളവരാണ് 'സീ കുട്ടനാട്' ബോട്ടില്‍ ഒപ്പമുള്ള യാത്രക്കാര്‍. വെക്കേഷന്‍ ആയതുകൊണ്ട് കുടുംബസമേതമാണ് പലരും.

മേഘങ്ങളെയും കായലിനെയും വേര്‍തിരിച്ചുകൊണ്ട് തെങ്ങിന്‍നിരകളുടെ നേര്‍ത്തവര ദൂരെക്കാണാം. വളഞ്ഞുപുളഞ്ഞുവളരുന്ന കല്പവൃക്ഷങ്ങള്‍. കാറ്റിനോടുമല്ലിട്ട് പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന തെങ്ങോലകള്‍.

വഴിവക്കില്‍ കണ്ട കണ്ണാട്ടു് ദേവിക്ഷേത്രത്തിന്റെ ആകൃതി കൗതുകകരമായിത്തോന്നി.

അരികിലൂടെ കടന്നുപോയൊരു ഹൗസ്ബോട്ടിന്റെ മട്ടുപ്പാവില്‍ ഒരു വിദേശിവനിത അലസം കാറ്റേറ്റിരിക്കുന്നു.

ഒന്നരമണിക്കൂര്‍ കാഴ്ചകണ്ട് കടന്നുപോയതറിഞ്ഞില്ല. കൈനകരി ജെട്ടിയെത്തി-

യാത്രക്കാര്‍ പകുതിപ്പേര്‍ മാത്രമേ ഇറങ്ങിയുള്ളൂ. മറ്റുള്ളവര്‍ ഇതില്‍ത്തന്നെ തിരികെപ്പോകുകയാണ്. ഇങ്ങോട്ടുള്ള യാത്രയില്‍ മുകളില്‍ സീറ്റ് കിട്ടാഞ്ഞവര്‍ തിരികെയാത്രയില്‍ അവിടം കയ്യടക്കുന്നതു കണ്ടു.

അവരെ യാത്രയാക്കിയതിനുശേഷം ജെട്ടിയിലെ കാഴ്ചകള്‍ കുറച്ചുസമയം കണ്ടുനിന്നു.

ചെറുവഞ്ചികളില്‍ അക്കരെയിക്കരെ കടത്തുണ്ട്. ദുര്‍ബ്ബലരായ, വൃദ്ധരായ തുഴക്കാര്‍. കുടപിടിച്ച യാത്രക്കാര്‍.
ജെട്ടിയുടെ നേരെ അക്കരെ ഓടിട്ട മനോഹരമായ ഒരു വീട് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കും; വാസ്തുശില്പഭംഗികൊണ്ടും ആഢ്യത്വംകൊണ്ടും. 'ഓട്ടോഗ്രാഫ്' എന്ന തമിഴ് സിനിമയിലെ കുറെ ഭാഗങ്ങള്‍ ചിത്രീകരിച്ചതിനുശേഷം ഇവിടം അന്യഭാഷാസംവിധായകരുടെ ഇഷ്ടലൊക്കേഷനായി മാറിയെന്ന് പിന്നീടറിഞ്ഞു.

ചിത്രങ്ങളെടുത്തുനില്‍ക്കവെ 'ഇഞ്ചന്‍' പിടിപ്പിച്ച ഒരു വള്ളം തൊട്ടുമുന്നിലൂടെ പാഞ്ഞുപോയി.

സര്‍ക്കാര്‍വക മറ്റു ബോട്ടുകളും ഹൗസ്ബോട്ടുകളും കടന്നുപോകുന്നുണ്ട്. കടത്തും സുഗമം.

കായലരികില്‍ക്കണ്ട നാട്ടുവഴിയിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു.

ആലപ്പുഴ മുനിസിപ്പാലിറ്റിയുടെയും കൈനകരി പഞ്ചായത്തിന്റെയും സംയുക്തസംരംഭമായ 'ഫ്ലോട്ടിംഗ് ഡിസ്പന്‍സറി' പ്രവര്‍ത്തിക്കുന്ന ബോട്ട് ഒരു കൈത്തോട്ടില്‍ വിശ്രമിക്കുന്നു.

കായലോരത്ത് നിര്‍ത്തിയിട്ട ഹൗസ്ബോട്ടിലെ സഞ്ചാരികളായ വിദേശവനിതകളോട് ഫ്ലുവന്റായി ഇംഗ്ലീഷ് സംസാരിക്കുന്ന നാട്ടുമ്പുറക്കുട്ടികള്‍.
 

വഴിയവസാനിച്ചത്, കൈനകരി പഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രമുറ്റത്താണ്. പുരാതനവും മനോഹരവുമായ ക്ഷേത്രം. വനദേവതാ പ്രതിഷ്ഠയുമുണ്ട്. കുറെ ചിത്രങ്ങളെടുത്ത് തിരികെ.

ടീം അംഗങ്ങള്‍ക്ക് വിശപ്പിനെക്കാള്‍, 'ദാഹ'മായിരുന്നു. കുട്ടനാടന്‍കള്ള് കുടിക്കാനുള്ള ദാഹം! വഴിയില്‍ക്കണ്ട ചേട്ടനോട് 'നല്ല'കള്ളിന്റെ ഉറവിടം തേടിയൊ'രെങ്കൊയറി'. മുഖം തിരിച്ചറിയാതിരിക്കാന്‍ ചിത്രം അവ്യക്തമാക്കിയതാണ്.)
കട്ട് റ്റു കള്ള്ഷാപ്പ്-

കള്ള്, കപ്പ, വരാല്‍ക്കറി, ബീഫ്ഫ്രൈ!
(ചിത്രം ശ്രദ്ധിക്കൂ. മൂന്നുപേര്‍-രണ്ടു ഗ്ലാസ്സ്. അമ്മച്ചിയാണെ ഞാനില്ലേ...)

വിശപ്പും ദാഹവുമകറ്റി, കൈനകരി ജെട്ടിയില്‍ തിരികെയെത്തുമ്പോഴേക്കും 'സീ കുട്ടനാട്' അതാ വീശിയെടുത്തുവന്ന് ജെട്ടിയിലടുത്തു.

സൈഡ് സീറ്റുതന്നെ കിട്ടി- ണിം ണിം...

ഇടതുഭാഗത്തുകണ്ട നീളന്‍പാലത്തിനടിയിലൂടെയതാ, ഒരു ഹൗസ്ബോട്ട് നൂണിറങ്ങിവരുന്നു.

വഴിയരികില്‍ ഒരു ടിപ്പിക്കല്‍ നാടന്‍ ചായക്കടയിലെ കണ്ണാടിയലമാരയില്‍ കേക്കും ഉണ്ണിയപ്പവും ഏത്തയ്ക്കാപ്പവും കണ്ണുകാട്ടിവിളിക്കുന്നു. എന്തുചെയ്യാന്‍?

വിശാലമായ കായലിന്റെ അങ്ങേക്കരയില്‍ നീണ്ടയൊരു റിസോര്‍ട്ട്.
 

ഒഴുകിനടക്കുന്ന ജലയാനങ്ങള്‍.


കണ്ടുകണ്ടുകണ്ടങ്ങനെയങ്ങനെയങ്ങനെ.... എത്തി, ആലപ്പുഴ ജെട്ടി!
ഭയന്നുഭയന്നാണ് യാത്ര തുടങ്ങിയത്. കാഴ്ചയുടെ നിറവിലും നിറത്തിലും നിര്‍വൃതിയിലും ഭയത്തിനു സ്ഥാനമില്ലാതെപോയി.
'സീ കുട്ടനാടി'ന്റെ യാത്രാസമയം സീസണ്‍ അനുസരിച്ച് മാറ്റമുണ്ടാകും.
അറിയാന്‍ 0477-2252510നമ്പറില്‍ വിളിച്ചുനോക്കണം. നമ്മുടെ ഷെഡ്യൂള്‍ അല്പം തെറ്റിയാലും വിഷമിക്കേണ്ട, ആലപ്പുഴ ജെട്ടിക്കാഴ്ചകള്‍തന്നെ ധാരാളം. പാലങ്ങളുടെ മുകളില്‍നിന്നുള്ള ജലയാനക്കാഴ്ചകളും പ്രഖ്യാതമായ മുല്ലക്കല്‍തെരുവിലെ തിരക്കും ക്ഷേത്രവും കടലും കടല്‍പ്പാലവും ഒരനുഭവംതന്നെയാകും-
ശുഭജലയാത്ര!!!


No comments:

Post a Comment